പുസ്തകവിചാരം : കിളിമഞ്ജാരോ ബുക്സ്റ്റാൾ – രാജേന്ദ്രൻ എടത്തുംകര വായന; ഷൈമ കൊല്ലമ്പലത്ത്

അനിതരസാധാരണമായ ഭാഷകൊണ്ട് വിസ്മയം തീർക്കുന്ന പുതിയ നോവൽ.

അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളുമനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകൾ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട് പങ്കുവയ്ക്കുന്നു. സർവജ്ഞാനിയായ ആഖ്യാതാവല്ല അയാൾ. എഴുത്തുകാരന്റെ വക്താവെന്ന പോലെ അയാൾ നമ്മോട് സംസാരിക്കുന്നു.

കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനാണ് അയാൾ. താൻ ഒരിക്കൽ അവിടംവിട്ടുപോകുമെന്ന് അയാൾക്കറിയാം. കെട്ടിക്കിടക്കുന്ന ജലമാവാൻ വയ്യ. അനസ്യൂതമൊഴുകണം. പുതുമേച്ചിൽപ്പുറങ്ങളറിയണം. അയാളുടെ കഥാഖ്യാനരീതിയിലും ഈ ഒഴുക്കനുഭവിക്കാം. അവയിൽ പ്രണയത്തിന്റെ നിർവചനവും യുക്തിയുമുണ്ട്. നഷ്ടപ്രണയത്തിന്റെ മുറിവുകളും ആകുലതയും നിസ്സഹായതയുമുണ്ട്, പ്രണയിനികളോടുളള കരുതലുമുണ്ട്, പകയുണ്ട്, പ്രതീക്ഷയുണ്ട്, നർമ്മമുണ്ട്, ഗഹനമായ ജീവിതതത്ത്വങ്ങളുടെ ലളിതാവിഷ്ക്കാരമുണ്ട്, മിത്തും ചരിത്രവും വർത്തമാനത്തോടു ചേർത്തു കൊരുത്തിട്ട ചരടുമുണ്ട്.

ലൈംഗികതയുടെ വകഭേദങ്ങൾ , അത് സാപിയോ സെക്ഷ്വാലിറ്റിയോ, ഹോമോസെക്ഷ്വാലിറ്റിയോ, ഹെറ്ററോസെക്ഷ്വാലിറ്റിയോ ഏതുമാകട്ടെ, എല്ലാത്തിന്റെയുമടിസ്ഥാനം പ്രണയമാണെന്നും അത് നൈസർഗികമാണെന്നും ഓർമ്മിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ.

ഒരിലയ്ക്കെങ്ങനെയാണ് സമുദ്രത്തെ സ്വന്തമാക്കാനാവുകയെന്ന ഒറ്റ ചോദ്യത്തിൽ നിലീനയുടെ സാപിയോ സെക്ഷ്വാലിറ്റി വെളിപ്പെടുത്തുമ്പോൾ അത് മലയാളനോവൽ ചരിത്രത്തിനൊരു പുതുനാമ്പാവുന്നു.

പുരുഷന്റെ പൗരുഷം പൂർണ്ണമാകുന്നത് അയാൾക്ക് പ്രണയിനിയോട് കലർപ്പില്ലാത്ത പ്രണയമുണ്ടാകുമ്പോൾ മാത്രമാണ്. സ്വാർത്ഥതയ്ക്ക് വേണ്ടി പ്രണയം നഷ്ടപ്പെടുത്തുന്ന പുരുഷൻ സ്ത്രീയിൽ പക നിറയ്ക്കുന്നു. ചരിത്രത്തിൽ നൂറ്റാണ്ടുകൾക്കപ്പുറത്ത് കുണാലയാണ് പ്രണയപരാജയത്തിന്റെ പകയ്ക്കിരയാവുന്നതെങ്കിൽ വർത്തമാനക്കാലത്തെ കുണാലയെന്ന വിളിപ്പേരുളള ധർമേന്ദ്രയാണ് അതേ പകയ്ക്കിരയാവുന്നത്.

അവരുടെ നീലകണ്ണുകൾ മനോഹരമായൊരു ഇമേജറി തീർക്കുന്നു. തിഷ്യരക്ഷയും നിലീനയും ഒരേ തൂവൽപ്പക്ഷികളാവുന്നു. കാവ്യഭംഗിയുളള ഭാഷയിൽ അടയാളപ്പെടുത്തുമ്പോൾ അത് മറ്റൊരു വിസ്മയമാകുന്നു. യതിയെന്ന സന്ന്യാസിവര്യന്റെ അദൃശ്യമായ സാന്നിധ്യമനുഭവിക്കാം. അമ്പാടിയും കൃഷ്ണനും നളിനിയും കണ്ടൽക്കാടുകൾ നിറഞ്ഞ പുഴയരികലെ വീട്ടിൽ നമ്മെ കാത്തിരിക്കുന്നു. നളിനിയുടെ പൊട്ടിച്ചിരി കാതിൽ നിറയുന്നു. പിന്നീട് അവളുടെ മരവിച്ച ശരീരത്തിന്റെ തണുപ്പും. ഭാസ്കരേട്ടന്റെ നർമ്മത്തിൽ ചാലിച്ച പക്വതയിൽ വായനക്കാരന് ചിരിയുടെ കുഞ്ഞുവേലിയേറ്റങ്ങളനുഭവിക്കാം. അനുകമ്പയെന്ന ഒറ്റ വലയാൽ ജീവിതത്തിന്റെ കയ്പുരസത്തിന്റെ ആഴക്കയത്തിൽപെട്ടു പോയ പെൺകുട്ടിയെ രക്ഷിച്ചെടുക്കുന്ന വേദികയെന്ന അധ്യാപിക പ്രതീക്ഷയുടെ ദലമർമ്മരങ്ങൾ സൃഷ്ടിക്കുന്നു.

സമകാലീന സമൂഹത്തിൽ നാം ചർച്ച ചെയ്യാൻ തയ്യാറായ ഹോമോസെക്ഷ്വാലിറ്റി രമയിലൂടെയും ലീനയിലൂടെയും അത്യുക്തിയുടെ ആലഭാരങ്ങളില്ലാതെ വായിക്കാം. ഒപ്പം ദൈവവിളിയുടെ പാരമ്യത്തിൽ കന്യാസ്ത്രീമഠത്തിന്റെ ഇരുട്ടിലഭയം പ്രാപിച്ചെങ്കിലും തന്റെ പ്രണയംവിട്ടൊരു ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവിൽ മഠം വിട്ട് പുറത്തുവരുന്ന റാഹേൽ ഒരു ചോദ്യചിഹ്നം പോലെ നിലക്കൊളളുന്നത് ചെറിയ പൊളളലുണ്ടാക്കുന്നുണ്ട്. കന്യാസ്ത്രീ മഠത്തിന്റെ വെളിച്ചംകടക്കാത്ത അകത്തളങ്ങളിലേക്കും മനുഷ്യമനസ്സിന്റെ നിഗൂഢതയിലേക്കും ആകുലതയോടെ എത്തിനോക്കാൻ വായനക്കാരനെ റാഹേലിന്റെ അനുഭവങ്ങൾ പ്രേരിപ്പിക്കും.

തന്റെ കവിതകളിലൂടെ നഷ്ടപ്രണയത്തിന്റെ നനുത്ത ഓർമകൾ വീണ്ടെടുക്കുന്ന രാജീവൻ അമ്പലശ്ശേരി പ്രണയിനിയുടെ കണ്ണുകളുടെ കരയിൽ ഒറ്റയ്ക്കിരിക്കുന്നത് നോവലിൽ ഒരു നൊമ്പരക്കാഴ്ചയാകുന്നു. വി.കെ.കക്കോറയും കോയിത്താറ്റിൽ പീതാംബരക്കുറുപ്പും മൺമറഞ്ഞുപ്പോയ സോഷ്യലിസ്റ്റുകളുടെ ഭൂമിയിലെ അവശേഷിപ്പുകളായി തുടരുന്നു.

ജീവിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും ഭൂതകാലത്തിന്റെ എക്സ്റ്റഷനായി വർത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉറ്റുനോക്കുന്നു. പുസ്തക വില്പനക്കാരോരുത്തരായി പിരിഞ്ഞുപ്പോയെങ്കിലും അറ്റം മാത്രം പുറത്തുകാണുന്ന മഞ്ഞിൽ പുതഞ്ഞ പർവ്വതത്തെ ഓർമിപ്പിച്ചുകൊണ്ട് കിളിമഞ്ജാരോ ബുക്സ്റ്റാൾ ഒരു മൂകസാക്ഷിയായി നിലകൊളളുന്നു.

പുസ്തകം ലഭിക്കുവാനായി ക്ലിക്ക് ചെയ്യുക.

administrator

Has one comment to “പുസ്തകവിചാരം : കിളിമഞ്ജാരോ ബുക്സ്റ്റാൾ – രാജേന്ദ്രൻ എടത്തുംകര വായന; ഷൈമ കൊല്ലമ്പലത്ത്”

You can leave a reply or Trackback this post.
 1. CBD for Sale - August 2, 2020 Reply

  I blog often and I truly thank you for your content. This
  great article has truly peaked my interest. I am going to take a note of
  your site and keep checking for new information about once per week.
  I opted in for your RSS feed as well.

  Check out my homepage :: CBD for Sale

Leave a Reply

Your email address will not be published.