പാപ്പിയോൺ

“ഞാൻ ആ നരകകുഴിയിലേക്ക് പോയത് ടൈപ്പ് റൈറ്ററും കയ്യിൽ പിടിച്ചായിരുന്നില്ല!”

“പാപ്പിയോൺ ” എന്ന് ഫ്രഞ്ച് അധോലോകത്ത് വിളിപ്പേരുള്ള ഹെൻട്രി ഷാരിയർ തന്റെ 14 വർഷം നീണ്ട ദുരിതമയമായ ജയിൽ വാസത്തെക്കുറിച്ച് എഴുതിയ ഓർമ്മകുറിപ്പാണു “പാപ്പിയോൺ” എന്ന നോവൽ. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ സാധിക്കാത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഷാരിയർ എഴുതിയത് മുഴുവൻ സത്യമാണോ എന്ന് പോലും വിമർശകർ സംശയിച്ചു . അവർക്ക് ഷാരിയർ നൽകിയ മറുപടിയാണ് ആദ്യ വാചകം.

വളരെ അവിചാരിതമായാണ് ഈ പുസ്തകം എന്റെ കയ്യിൽ വരുന്നത്. പാപ്പിയോൺ ഫ്രഞ്ച് ഭാഷയിലാണ് ആദ്യം പുറത്തിറങ്ങിയത്. പ്രസിദ്ധീകരിച്ച ഉടനെ തന്നെ വൻ ചർച്ചാവിഷയമായ ഈ പുസ്തകം മലയാളം അടക്കം 21 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു എന്ന് പറയുമ്പോൾ എത്ര മഹത്തായ ഒരു സൃഷ്ടിയാണ് ഇതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇരുപത്തി മൂന്നാം വയസ്സിൽ ഒരു കൊലപാതകകുറ്റത്തിനാണ് ഷാരിയർ ഫ്രാൻസിൽ അറസ്റ്റിൽ ആകുന്നത്. 1931 ആയിരുന്നു അത്. എന്നാൽ അതൊരു കെട്ടിച്ചമക്കപ്പെട്ട കേസായിരുന്നു എന്നാണു ഷാരിയറുടെ വാദം. പക്ഷെ, ഫ്രാൻ‌സിലെ അന്നത്തെ കഠിനമായ നിയമ വ്യവസ്ഥ ഷാരിയർക്ക് 14 വർഷം കഠിന തടവ് വിധിച്ചു. ഫ്രഞ്ച് ഗയാനയിലെ “ചെകുത്താൻ തുരുത്ത്” എന്നറിയപ്പെടുന്ന ജയിലിലേയ്ക്കാണ് ഷാരിയറെ ആദ്യം കൊണ്ടുപോയത്.

ജയിലിൽ എത്തിയ നിമിഷം മുതൽ അവിടെ നിന്നും ചാടിപ്പോകാനുള്ള ആലോചനകൾ ഷാരിയർ തുടങ്ങി. കടലിനു നടുക്ക് ഒറ്റപ്പെട്ട ദ്വീപിൽ നിന്നുള്ള ചാടിപ്പോക്ക് ഒരു തരത്തിലും സാധ്യമായിരുന്നില്ല. എങ്കിലും ഷാരിയർ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ താൻ ജയിലിനുള്ളിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ – കൊലപാതകങ്ങൾ, കളവു, ലഹരിയും സ്വവർഗ ലൈംഗികതയും എല്ലാം ഷാരിയർ തുറന്നു പറയുന്നു. ഈ തുറന്നു പറച്ചിലുകൾ തന്നെയാണ് ഈ നോവലിനെ അത്യന്തം ശക്തമാക്കുന്നത്. കുറ്റവാളികളുടെ മനോഭാവം മെച്ചപ്പെടുത്താനല്ല, മറിച്ച് അവരെ കൂടുതൽ നീചമായ മാനസിക-ശാരീരിക അവസ്ഥകളിലേയ്ക്ക് തള്ളി വിടാൻ – സാംസ്കാരികമായി അത്യുന്നതിയിലായ ഒരു രാജ്യവും അവിടുത്തെ ജയിലുകളും കൂട്ടു നിൽക്കുന്നു എന്ന് ഷാരിയർ പുറം ലോകത്തെ കാണിച്ച് കൊടുത്തു. “ഫ്രഞ്ച് നാഗരികതയ്ക്കും, ജനതയ്ക്കും” അപമാനമാണ് ഈ ജയിലുകൾ എന്ന് ഷാരിയർ അനേകം തവണ ആവർത്തിച്ച് പറയുന്നു.

സാഹസിക പ്രിയർക്ക് വളരെയധികം രസിക്കുന്ന രീതിയിൽ ഷാരിയർ തന്റെ ഓരോ ജയിൽ ചാട്ടത്തിന്റെ കഥയും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഷാരിയർ കൂടുതൽ കഠിനമായ പീഡനങ്ങളും, എന്തിനു, വർഷങ്ങളുടെ ഏകാന്ത തടവും അനുഭവിക്കേണ്ടി വരുന്നു. പക്ഷെ, ഒരു പരിശ്രമം പരാജയപ്പെട്ടതിനു പിറ്റേ ദിവസം മുതൽ ഷാരിയർ അടുത്ത ജയിൽ ചാട്ടത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. അദ്ദേഹത്തിന്റെ ചിന്തകളെ ഗ്രസിച്ച തീക്ഷണമായ സ്വാതന്ത്യ ബോധം ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ സ്വാതന്ത്യ്രം മാത്രമല്ല, അഭിമാനവും ഷാരിയറിനു വളരെ വലുതായിരുന്നു. ജയിൽ ചാടി, ഏതെങ്കിലും കാട്ടിനുള്ളിൽ അജ്ഞാത വാസം നടത്താൻ ഷാരിയർ ഒരുക്കമായിരുന്നില്ല. തനിക്ക് അഭയം തരുന്ന ഒരു രാജ്യത്ത് അവിടുത്തെ ഉത്തരവാദിത്വമുള്ള ഒരു പൗരനായി നാഗരികതയിൽ ജീവിക്കാൻ തന്നെയാണ് ഷാരിയർ തീർച്ചപ്പെടുത്തിയത്. അതിനായി അദ്ദേഹം സഹിക്കേണ്ടി വന്ന പീഡനങ്ങളും തരണം ചെയ്ത പ്രതിബന്ധങ്ങളും ഒരു സാധാരണ മനുഷ്യന് ആലോചിക്കാവുന്നതിലും അപ്പുറത്താണ്.

ഒരു തടവുപുള്ളിയുടെ സാഹസികമായ ജയിൽചാട്ട കഥകൾ മാത്രമല്ല പാപ്പിയോൺ. ജയിൽ ചാട്ടങ്ങൾക്കിടയിൽ താൻ കണ്ട നന്മ നിറഞ്ഞ മനുഷ്യരെയും, അവരുടെ നിസ്വാർത്ഥമായ മനുഷ്യ സ്നേഹത്തെയും കുറിച്ചും ഷാരിയർ തന്റെ നോവലിൽ വിവരിക്കുന്നു. ബോവൻ എന്ന വക്കീലും, അദ്ദേഹത്തിന്റെ കുടുംബവും തന്നോട് കാണിച്ച സ്നേഹവും കരുണയും തന്നെ ഒരു പുതിയ മനുഷ്യനാക്കി തീർത്തു എന്നാണു ഷാരിയർ പറയുന്നത്. മനുഷ്യ നന്മയിൽ തനിക്കുള്ള വിശ്വാസം ഷാരിയർ പലതവണ ആവർത്തിക്കുന്നുണ്ട്.

ജയിലിനു പുറത്തുള്ളവർ മാത്രമല്ല, കൊടും കുറ്റവാളികൾ എന്ന് സമൂഹം വിധിയെഴുതിയ പലരുടെയും ആത്മാർത്ഥതയും വിശ്വസ്തതയും ഷാരിയറിനെ പല വട്ടം അത്ഭുതപ്പെടുത്തുന്നു. തന്റെ പതിനാലു വർഷ ജയിൽ വാസത്തിനിടയിലെ എണ്ണമറ്റ ജയിൽ ചാട്ടങ്ങളുടെ കഥ മാത്രമല്ല, അതിനിടയിൽ താൻ കണ്ടു മുട്ടിയ, വ്യത്യസ്തരായ മനുഷ്യരുടെ ഒരു പുസ്തകം കൂടിയാണ് പാപ്പിയോൺ. ഇച്‌ഛാശക്തിയുടെ വിജയകഥയാണിത്.

ഞാൻ വായിച്ചതിൽ ഒരു മികച്ച നോവൽ എന്ന് പാപ്പിയോൺ നിസ്സംശയം വിളിക്കാം. നിങ്ങളുടെ മനസ്സിൽ തൊടാതെ ഈ നോവൽ കടന്നു പോകില്ല എന്നുറപ്പ് . ഈ നോവലിന്റെ ഭാഷയും അതിലെ സാഹചര്യങ്ങളും മുതിർന്നവർക്ക് മാത്രം ദഹിക്കുന്നതാണ്. കുട്ടികൾക്ക് ഈ പുസ്തകം യോജിക്കില്ല.

administrator

Leave a Reply

Your email address will not be published.